വാക്കര്‍ത്ഥം
سَبَّحَ لِلَّـهِ = അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു
مَا فِي السَّمَاوَاتِ = ആകാശത്തുള്ളവ
وَمَا فِي الْأَرْضِ = ഭൂമിയിലുള്ളവയും
وَهُوَ الْعَزِيزُ = അവന്‍ പ്രതാപശാലിയത്രെ
الْحَكِيمُ = അഗാധജ്ഞനായ, യുക്തിമാനായ
വാക്കര്‍ത്ഥം
هُوَ = അവന്‍
الَّذِي أَخْرَجَ = പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا = അവിശ്വാസിച്ചവരെ
مِنْ أَهْلِ الْكِتَابِ = വേദക്കാരില്‍ നിന്നു
مِن دِيَارِهِمْ = അവരുടെ വാസസ്ഥലങ്ങളില്‍നിന്നു
لِأَوَّلِ الْحَشْرِ = ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി
مَا ظَنَنتُمْ = നിങ്ങള്‍ ധരിച്ചില്ല
أَن يَخْرُجُوا = അവര്‍ പുറത്തുപോകുമെന്നു
وَظَنُّوا = അവര്‍ ധരിക്കയും ചെയ്തു
أَنَّهُم = നിശ്ചയമായും അവരാണെന്നു
مَّانِعَتُهُمْ = അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു
حُصُونُهُم = അവരുടെ കോട്ടകള്‍
مِّنَ اللَّـهِ = അല്ലാഹുവില്‍ നിന്നു
فَأَتَاهُمُ اللَّـهُ = എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു
مِنْ حَيْثُ = വിധത്തില്‍ കൂടി, വിധേന
لَمْ يَحْتَسِبُوا = അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത
وَقَذَفَ = അവന്‍ ഇടുകയും ചെയ്തു
فِي قُلُوبِهِمُ = അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ = ഭീതി, പേടി
يُخْرِبُونَ = അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു
بُيُوتَهُم = തങ്ങളുടെ വീടുകളെ
بِأَيْدِيهِمْ = തങ്ങളുടെ കൈകളാല്‍
وَأَيْدِي الْمُؤْمِنِينَ = സത്യവിശ്വാസികളുടെ കൈകളാലും
فَاعْتَبِرُوا = അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍
يَا أُولِي الْأَبْصَارِ = കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ
വിശദീകരണം
മുമ്പു പറഞ്ഞതുപോലെ, നള്വീര്‍ ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവത്തെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒന്നാമത്തെ തുരത്തിവിടല്‍ (اول الحشر) എന്നു പറഞ്ഞതില്‍നിന്ന് അവരെ തുരത്തിവിടുന്ന സംഭവം ഇതുകൂടാതെ വേറെയും ഉണ്ടാകുമെന്നു ധ്വനിക്കുന്നുവല്ലോ. അതെ, അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവര്‍ തുടര്‍ന്നു വന്നതുകൊണ്ട് ഉമര്‍(റ)ന്‍റെ ഖിലാഫത്തുകാലത്തു ഖൈബറില്‍നിന്നു രണ്ടാമതും അവര്‍ പുറത്താക്കപ്പെടുകയുണ്ടായി.
തങ്ങളുടെ ശക്തമായ കോട്ടകളില്‍ അടച്ചിരുന്നാല്‍ മുസ്‌ലിംകള്‍ക്കു അവരെ പുറത്തിറക്കുവാന്‍ സാധ്യമല്ലെന്നു അവര്‍ കരുതി. സാധാരണനിലക്കു നോക്കുമ്പോള്‍, അവര്‍ സ്വയം പുറത്തിറങ്ങുമെന്നു വിചാരിക്കുവാന്‍ മുസ്‌ലിംകള്‍ക്കും വഴിയുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ മനസ്സില്‍ ഭീതിനിറച്ചു. തങ്ങള്‍ ഒഴിച്ചു പോകേണ്ടി വരുമെന്നു കണ്ടപ്പോള്‍, മുസ്‌ലിംകള്‍ക്കു ഒഴിഞ്ഞു കൊടുക്കേണ്ടിയിരിക്കുന്ന തങ്ങളുടെ വസ്തുക്കള്‍ കഴിവതും നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ വീടുകള്‍ അവരുടെ കരങ്ങള്‍കൊണ്ടുതന്നെ അവര്‍ നശിപ്പിച്ചിരുന്നു. അവര്‍ വെളിക്കുവരാന്‍ നിര്‍ബന്ധിതരാകേണ്ടതിനുവേണ്ടി മുസ്‌ലിംകളും കുറെ നശിപ്പിച്ചിരുന്നു. അതാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാണിച്ചത്. കേവലം എതിര്‍വശത്തുള്ള പട്ടാളശക്തിയോ, ആയുധബലമോ കൊണ്ടല്ല ഇത്രയും ദയനീയ നിലയില്‍ അവര്‍ എത്തിച്ചേര്‍ന്നതെന്നു വ്യകതമാണ്. എന്നിരിക്കെ, കാഴ്ചയും മനസ്സാക്ഷിയുമുള്ളവര്‍ക്കെല്ലാം ഇതില്‍ ചിന്തിക്കുവാനും പാഠങ്ങള്‍ മനസ്സിലാക്കുവാനും വകയില്ലേ ?! തീര്‍ച്ചയായും ഉണ്ട്.
അറേബ്യായില്‍ പ്രത്യക്ഷപ്പെടുമെന്നു പല പ്രവാചകന്മാരാലും പ്രവചനം ചെയ്യപ്പെട്ടിരുന്ന പ്രവാചകന്‍റെ വരവും പ്രതീക്ഷിച്ചുകൊണ്ടു ശതക്കണക്കായ വര്‍ഷങ്ങളായി യഥ്‌രിബില്‍ (മദീനായില്‍) വന്നു കുടിയേറിപ്പാര്‍ത്തിരുന്നവരാണ് അവിടത്തെ യഹൂദികള്‍. പക്ഷേ ആ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍, അദ്ദേഹം തങ്ങളുടെ വര്‍ഗ്ഗത്തില്‍ – ഇസ്രാഈല്യരില്‍-പെട്ട ആളല്ലാത്തതിനാലും, ചിരകാലമായി തങ്ങളില്‍ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച പാരമ്പര്യങ്ങളെയും അദ്ദേഹം അനുകൂലിക്കാത്തതിനാലും അദ്ദേഹത്തോടു അവര്‍ അസൂയയും ശത്രുതയും വെച്ചുപുലര്‍ത്തുകയാണ് ചെയ്തത്. മൂസാ (അ)നബിയുടെ കാലം മുതല്‍ ഇതുവരേക്കുമുള്ള അവരുടെ ചരിത്രവും സമ്പ്രദായങ്ങളും നോക്കുമ്പോള്‍, അവരവിടെ നിവസിക്കുന്ന കാലത്തോളം ഇസ്‌ലാമിന് അവിടെ സ്വൈരവിഹാരം കൊള്ളുവാന്‍ നിവൃത്തിയില്ല എന്നു അല്ലാഹുവിനു അറിയാം. അതുകൊണ്ടു അവരെ അവിടെ നിന്നു തുരത്തിവിടുവാന്‍ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. അതു നടപ്പില്‍ വരുത്തുകയത്രെ ഇപ്പോള്‍ ചെയ്തത്. ഇസ്‌ലാമിന്‍റെ മറ്റു ശത്രുക്കളോടു കാണിക്കപ്പെട്ടിട്ടില്ലാത്ത കര്‍ശനം ഇവരുടെ കാര്യത്തില്‍ സ്വീകരിക്കുവാന്‍ അതാണ് കാരണം, അല്ലാഹു പറയുന്നു:-
Comments
Post a Comment